സിനിമയില്‍ വില്ലനായിരുന്നെങ്കിലും ജീവിതത്തില്‍ ആരോടും വഴക്കോ വിദ്വേഷമോ ഒന്നും ഇല്ലാത്ത വളരെ സ്‌നേഹമുള്ള വ്യക്തിയായിരുന്നു; നടന്‍ കുണ്ടറ ജോണിയുടെ വിടവാങ്ങലില്‍ അനുശോചനം അറിയിച്ച് പ്രിയപ്പെട്ടവര്‍

വില്ലന്‍ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ തിളങ്ങിയിരുന്ന നടനായിരുന്നു കുണ്ടറ ജോണിയെന്ന താരം. മുന്‍നിര താരങ്ങള്‍ക്കൊപ്പം വില്ലന്‍ വേഷങ്ങളില്‍ ഏറെ ശ്രദ്ദിക്കപ്പെടാന്‍ ജോണിക്ക് കഴിഞ്ഞിരുന്നു. നാലു പതിറ്റാണ്ടിലധികമായി മലയാള സിനിമയുടെ ഭാഗമായി മാറിയ നടനായിരുന്നു കുണ്ടറ ജോണി. അദ്ദേഹം ഇനിയില്ല എന്നത് മലയാളികള്‍ക്കും ഒട്ടും വിശ്വസിക്കാനാവുന്നതല്ല. ഇന്നലെ രാത്രിയോടെയാണ് അദ്ദേഹത്തിന് മരണം സംഭവിക്കുന്നത്. നെഞ്ചുവേദനയെ തുടര്‍ന്നാണ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നടന് പിന്നീട് ഹൃദയാഘാതം ഉണ്ടാവുക ആയിരുന്നു. 71 വയസായിരുന്നു. 100ലധികം ചിത്രങ്ങളില്‍ വില്ലനായി അഭിനയിച്ച നടന്‍ മലയാളത്തിന് പുറമെ തമിഴിലും തിളങ്ങിയിട്ടുണ്ട്.

23ആം വയസില്‍ നിത്യ വസന്തം എന്ന സിനിമയിലെ അഭിനയത്തിലൂടെയാണ് താരം വെള്ളി ത്തിരയിലേയ്ക്ക് എത്തുന്നത്. കിരീടം, നാടോടിക്കാറ്റ്, ഗോഡ്ഫാദര്‍ തുടങ്ങിയ സിനിമകളിലെ ജോണിയുടെ കഥാ പാത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2022ല്‍ പുറത്തിറങ്ങിയ മേപ്പടിയാന്‍ ആണ് അവസാന ചിത്രം.ഹലോ, ഓഗസ്റ്റ് 15, അവന്‍ ചാണ്ടിയുടെ മകന്‍, ഭാര്‍വചരിതം മൂന്നാം ഖണ്ഡം, ബല്‍റാം വേഴ്‌സസ് താരാദാസ്, ഭരത്ചന്ദ്രന്‍ ഐപിഎസ്, ദാദാസാഹിബ്, ക്രൈം ഫൈല്‍, തച്ചിലേടത്ത് ചുണ്ടന്‍, സമാന്തരം, വര്‍ണപ്പകിട്ട്, സ്ഫടികം, സാഗരം സാക്ഷി, ആനവാല്‍ മോതിരം, ചെങ്കോല്‍ തുടങ്ങിയ നിരവധി സിനിമകള്‍ താരം ചെയ്തിരുന്നു.

നിരവധി സെലിബ്രിറ്റികളും താരത്തിന് ആദരാഞ്ജലികള്‍ നേര്‍ന്ന് കുറിപ്പ് പങ്കു വച്ചിട്ടുണ്ട്. കുണ്ടറ ജോണി നമ്മളെ വിട്ടു പോയി. എന്റെ മദ്രാസിലെ തുടക്ക കാലഘട്ടം മുതല്‍, എന്റെ അടുത്ത സഹോദരനായിരുന്നു. സ്വാമീസ് ലോഡ്ജ്. പണ്ട് മദ്രാസില്‍ എത്തുന്ന അന്നത്തെയും, ഇന്നത്തെയും സൂപ്പര്‍ താരങ്ങള്‍, ഉള്‍പ്പടെ എല്ലാ സിനിമാപ്രവര്‍ത്തകരും താമസിച്ചിരുന്ന ഒരു പാര്‍പ്പിടം. അവിടെ ജോണിച്ചായനോടൊപ്പം, ആ കൊച്ചു മുറിയില്‍, ഉറങ്ങാനുള്ള ഭാഗ്യം കിട്ടിയ ഒരു എളിയ ഗായകനാണ് ഞാന്‍ . സ്വാമീസ് ലോഡ്ജിനെ കുറിച്ച് അറിയാത്തവര്‍ കമന്റ് ചെയ്യരുതേ. അങ്ങയുടെ ആത്മാവിന് നിത്യശാന്തി നേരുന്നുവെന്നായിരുന്നു ഗായകന്‍ എംജി ശ്രീകുമാര്‍ കുറിച്ചത്.

സംവിദായകന്‍ സിബി മലയിലും ജോണിയുടെ വേര്‍ പാടില്‍ വേദന പങ്കിട്ടു. ഞാന്‍ സംവിധാനം ചെയ്ത കിരീടത്തില്‍ ഏറെ പ്രധാനപ്പെട്ട വേഷമായിരുന്നു ജോണി ചെയ്തത്. അതിന്റെ രണ്ടാം ഭാഗമായ ചെങ്കോലിലും ജോണിയുണ്ടായിരുന്നു. ആദ്യഭാഗത്തില്‍ വില്ലനായിരുന്നുവെങ്കില്‍ രണ്ടാം ഭാഗമെത്തുമ്പോള്‍ പോസിറ്റീവ് കഥാപാത്രമായി മാറുന്നുണ്ടായിരുന്നു. ജോണിയെ സംബന്ധിച്ച് അത് ഏറെ സന്തോഷമുള്ള കാര്യമായിരുന്നു. സിനിമയില്‍ വില്ലനായാണ് കാണുന്നതെങ്കിലും ജീവിതത്തില്‍ വളരെ പഞ്ചപാവമായിട്ടുള്ളൊരാളാണ് ജോണി. ആരോടും വഴക്കോ വിദ്വേഷമോ ഒന്നും ഇല്ലാത്തൊരാളായിരുന്നുവെന്നാണ് സിബി മലയില്‍ പറഞ്ഞത്. ആരാധകരും താരത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരിക്കുകയാണ്.

Comments are closed.