
എനിക്കേറെ പ്രിയപ്പെട്ട മോളായിരുന്നു, അവളുടെ മരണം വിശ്വസിക്കാനാവുന്നില്ല; ഹൃദയഭേദകമായ കുറിപ്പുമായി വിനോദ് കോവൂര്‍
എം 80 മൂസയിലൂടെ ആരാധകരുടെ പ്രിയപ്പെട്ട താരങ്ങളായി മാറിയ നടനാണ് വിനോദ് കോവൂര്‍. പിന്നീട് മറിമായത്തിലും താരം തിളങ്ങി. എങ്കിലും എന്നും ആരാധകര്‍ക്ക് മൂസക്കായി വളരെ പ്രിയപ്പെട്ടതാണ്. വിനോദ് കോവൂര്‍ തനിക്ക് പ്രിയപ്പെട്ടവരെ പറ്റിയും സാധാരണക്കാരായ ആളുകളെ പറ്റിയുമൊക്ക പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കിടാറുണ്ട്. അത് ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ തന്റെ ആരാധിക ആയിരുന്നു താനും ഏറെ ആരാധിച്ചിരുന്ന ഒരു പെണ്‍കുട്ടി മരിച്ചതിന്റെ ദുഖം ഫേയ്‌സ് ബുക്ക് കുറിപ്പിലൂടെ പങ്കിട്ടെത്തിയിരിക്കുകയാണ് വിനോദ്. കുറിപ്പിങ്ങനെ.

എനിക്കേറെ പ്രിയപ്പെട്ട കൃഷ്ണപ്രിയ മോളും സ്വര്‍ഗ്ഗത്തിലേക്ക് യാത്രയായ് . മരണ വിവരം കൂട്ട് ക്കാരന്‍ നൗഫല്‍ വിളിച്ച് പറഞ്ഞപ്പോള്‍ ശരിക്കും ഷോക്കായ്. കഴിഞ്ഞ ആഴ്ച്ച ഒരു പനി വന്നു അത് നിമോണിയായ് അവള്‍ പോയി എന്നാണ് നൗഫല്‍ പറഞ്ഞത്. വിധിയുടെ വൈപരീത്യം കാരണം വീല്‍ചെയറില്‍ ജീവിക്കേണ്ടി വന്ന മോളാണ് കൃഷ്ണപ്രിയ. ഒരിക്കല്‍ എന്നെ നേരിട്ട് കാണണമെന്ന് ആഗ്രഹം പറഞ്ഞ് വിളിക്കുകയും സന്ദേശങ്ങള്‍ അയക്കുകയും ചെയ്തിരുന്നു. അങ്ങനെ ചേളാരിക്കടുത്ത് ഒരു ഷോപ്പിന്റെ ഉദ്ഘാടനത്തിന് പോയ ദിവസം കൃഷ്ണപ്രിയയുടെ വീട്ടിലും പോയി.

സ്‌നേഹ നിധികളായ അച്ഛനേയും അമ്മയേയും പരിചയപ്പെട്ടു. അന്ന് ഒരു പാട് നേരം കൃഷ്ണ പ്രിയയുടെ കൂടെ ചിലവഴിച്ചു. പാട്ട് പാടി കഥകള്‍ പറഞ്ഞു തമാശകള്‍ പറഞ്ഞു. കൃഷ്ണപ്രിയയിലെ കലാക്കാരിയെ അന്ന് അടുത്തറിഞ്ഞു. പിന്നീട് പലപ്പോഴും വിളിയും സന്ദേശങ്ങള്‍ അയച്ചും സൗഹൃദം നിലനിര്‍ത്തി. അതിനിടെ കൃഷ്ണപ്രിയ എഴുതി സംവിധാനം ചെയ്ത ‘ കരട് ‘ എന്ന ഷോര്‍ട്ട് ഫിലിം കണ്ടപ്പോള്‍ കൃഷ്ണപ്രിയയോട് ഇഷ്ട്ടവും ആരാധനയും ബഹുമാനവും തോന്നി. കൃഷ്ണപ്രിയ തന്നെയായിരുന്നു ആ കൊച്ചു സിനിമയിലെ നായിക.

ജീവിതം വീല്‍ചെയറിലാണെങ്കിലും അവള്‍ ഏറെ സന്തോഷവതിയായിരുന്നു. അച്ഛനും അമ്മയും അവളെ അങ്ങേയറ്റം സ്‌നേഹിക്കുകയും അവള്‍ടെ ആഗ്രഹങ്ങള്‍ ഒക്കെ സാധിപ്പിച്ച് കൊടുത്ത് കൂടെ നിന്നിരുന്നു. ടി വി യില്‍ വരുന്ന എന്റെ പ്രോഗ്രാമുകള്‍ ഒക്കെ കണ്ട് അഭിപ്രായങ്ങള്‍ അറിയിക്കുമായിരുന്നു.
ഇന്ന് കൃഷ്ണപ്രിയയില്ല എന്ന് വിശ്വസിക്കാന്‍ പ്രയാസം. ഒരു പനി വന്നതിന്റെ പേരില്‍ മരണമോ ? ചിന്തിക്കാന്‍ പറ്റുന്നില്ല. അവസാനമായ് ഒന്ന് കാണാന്‍ വരാന്‍ പോലും പറ്റാത്ത അവസ്ഥയിലായി പോയി. ഒരു പാട് സങ്കടമുണ്ട് .മോള്‍ ടെ വേര്‍പാട് ആ മാതാപിതാക്കള്‍ എങ്ങനെ സഹിക്കുമെന്നറിയില്ല. ദൈവം അവര്‍ക്ക് ശക്തി കൊടുക്കട്ടെ . കൃഷ്ണപ്രിയ മോള്‍ടെ ആത്മാവിന് നിത്യ ശാന്തി ലഭിക്കട്ടെ എന്നാണ് താരം കുറിച്ചത്. ആരാധകരും കുറിപ്പ് ഏറ്റെടുത്തിരിക്കുകയാണ്.